കൊച്ചി: ശാസ്ത്രത്തെ ജനജീവിതവുമായി ബന്ധിപ്പിച്ച വികസനമാതൃകയിലൂടെ കേരളം രാജ്യത്തിനു മാതൃകയാണെന്ന് ദേശീയ ശാസ്ത്ര മീറ്റില്‍ വിലയിരുത്തല്‍.
രാജ്യത്തിന്റെ വികസനത്തിനായി ശാസ്ത്രവും സാങ്കേതികവിദ്യയും എന്ന പ്രമേയത്തില്‍ ആരംഭിച്ച ദേശീയ ശാസ്ത്ര മീറ്റിനൊപ്പം 38ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന് കൊച്ചിയില്‍ തുടക്കമായി. ശാസ്ത്രജ്ഞര്‍, നയരൂപീകരണ വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ) ചെയര്മാന് പ്രഫ. ടി.ജി. സീതാറാം ശാസ്ത്ര മീറ്റ് ഉദ്ഘാടനം ചെയ്തു. ഗവേഷണം, നയരൂപീകരണം, വാണിജ്യവത്കരണം എന്നിവ തമ്മിലുള്ള സഹകരണമാണു വികസനത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. വാട്ടര്‍ മെട്രോ, ബ്ലൂ ഇക്കോണമി മേഖലകളിലെ കേരളത്തിന്റെ മുന്നേറ്റങ്ങള്‍ രാജ്യത്തിനു വഴികാട്ടിയാണെന്നും അദ്ദേഹം വിലയിരുത്തി.
കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിലില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ. കെ.പി. സുധീര്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന് എന്‍. ഖോബ്രഗഡെ, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് ഉപദേഷ്ടാവ് ഡോ. നിഷ മെന്ഡരേറ്റ, ഡോ. ബി.എം. ത്യാഗരാജു, ഡോ. ഹരിലാല്‍ ഭാസ്കര്‍, ഡോ. കലൈവാണി ഗണേശന്, ഡോ. രഞ്ജികൃഷ്ണ പൈ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍നിന്നുള്ള ശാസ്ത്ര കൗണ്‍സില്‍ പ്രതിനിധികള്‍ അതത് സംസ്ഥാനത്തെ ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന പ്രസന്റേഷനുകള്‍ അവതരിപ്പിച്ചു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ ഫെബ്രുവരി രണ്ടുവരെ നീണ്ടുനില്‍ക്കുന്ന സയന്‍സ് കോണ്‍ഗ്രസിന്റെ രണ്ടാം ദിവസമായ ഇന്ന് 13 വിഷയമേഖലകളെ അടിസ്ഥാനമാക്കിയുള്ള ടെക്നിക്കല്‍ സെഷനുകള്‍ നടക്കും. ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
എന്തിനും മറുപടി; താരമായി എഐ ടീച്ചര്‍
കൊച്ചി: വിഷയം ഏതുമാകട്ടെ, സംശയം തീര്‍ക്കാന്‍ കുട്ടികള്‍ക്ക് ഹായ് ടീച്ചര്‍ എന്നൊന്നു വിളിച്ചാല്‍ മതി. ഉടന്‍ വരും മറുപടി. ഇന്ത്യയിലെതന്നെ ആദ്യ എഐ ടീച്ചറായ എഡ്യു ബോട്ട് കുട്ടികള്‍ക്കിടയില്‍ താരമായിരിക്കുകയാണ്. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ദേശീയ സയന്‍സ് പ്രദര്‍ശനത്തിലാണ് എഐ ടീച്ചര്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.
കേരള സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന പ്രദര്‍ശനത്തില്‍ മലപ്പുറത്തെ പിഎംഎസ്എപിടി എച്ച്എസ്എസ് കക്കോവ് സ്കൂളില്‍നിന്നെത്തിയ വിദ്യാര്‍ഥികളാണ് തങ്ങളുടെ അഭിമാന പ്രോജക്ടായ എഡ്യു ബോട്ട് എഐ ടീച്ചർ പ്രദര്‍ശിപ്പിച്ചത്.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് പോലെ, എഡ്യു ബോട്ട് ഒഎസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഐഐ ടീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ഇബി അസിസ്റ്റന്റാണ് ഇതിന്റെ പ്രധാന ഫീച്ചറെന്ന് എഐ ടീച്ചറെ വികസിപ്പിച്ചെടുത്ത ഹസിഫ്, ആഗ്നയ്, അര്‍ച്ചിത്, നിരഞ്ജന് എന്നീ വിദ്യാര്‍ഥികള്‍ പറഞ്ഞു.